ജോഹ്നാസ്ബർഗ്: സഹാറ മരുഭൂമി പച്ച പിടിക്കുന്നു. ഞെട്ടണ്ട, മരുഭൂമി വികസിക്കുകയാണ് എന്നല്ല. ഒരു പക്ഷെ വരും വർഷങ്ങളിൽ സഹാറ ഹരിതാഭമായ ഭൂമിയായി സ്വയം മാറിയേക്കാം എന്നാണ് നാസ പുറത്തുവിട്ട സാറ്റലറ്റ് ചിത്രങ്ങളെ പിൻതുടർന്ന് നടത്തിയ പരിശോധനകളിൽ തെളിയുന്നു. ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ സഹാറ മരുഭൂമി യിൽ പുല്ല് മുളക്കുകയും സസ്യങ്ങളുടെ വിത്തുകൾ പൊട്ടി മുളയ്ക്കുകയും ചെയ്ത് പച്ചയായി മാറുന്ന കാഴ്ചയാണ് ഉള്ളത്. ഈ മരുഭൂമിയിൽ സമീപ കാലങ്ങളിൽ കനത്ത മഴയും നീരൊഴുക്കും ഉണ്ടാകുന്നതാണ് മാറ്റങ്ങൾക്ക് കാരണം. നീരൊഴുക്ക് തരിശായ ഭൂപ്രകൃതിയിൽ സസ്യങ്ങൾ വളരുന്നതിന് കാരണമാകുന്നു.
നാസ പുറത്തു വിട്ട ഉപഗ്രഹ ചിത്രങ്ങൾ മറ്റ് പല മാറ്റങ്ങളും സഹാറയിൽ ഉണ്ടാകുന്നതിൻ്റെ ലക്ഷണങ്ങളും വ്യക്തമാക്കുന്നുണ്ട്. സെപ്റ്റംബർ 7, 8 തീയതികളിൽ വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിൽ ഉണ്ടായ ഒരു വലിയ ചുഴലിക്കാറ്റിനെ പിൻതുടർപ്പോൾ ആണ് മാറ്റങ്ങളുടെ മറ്റൊരു കാരണവും കണ്ടെത്തിയത്. ചുഴലിക്കാറ്റിലും മറ്റും സസ്യങ്ങളുടെ വിത്തുകൾ മരുഭൂമിയിൽ ചെന്ന് പതിക്കുകയും മഴ കിട്ടി തുടങ്ങിയതോടെ അവ മുളയ്ക്കുകയും ചെയ്യുന്നു. ഇപ്പോൾ തന്നെ സഹാറ മരുഭൂമിയിൽ സസ്യജാലങ്ങളുടെ ചില "പോക്കറ്റുകൾ " പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുമുണ്ട്.
മൊറോക്കോ, അൾജീരിയ, ടുണീഷ്യ, ലിബിയ എന്നിവിടങ്ങളിലെ മരങ്ങളില്ലാത്ത പ്രകൃതിദൃശ്യങ്ങൾ, അപൂർവ്വമായി മഴ ലഭിക്കുന്ന പ്രദേശങ്ങൾ, എന്നിവിടങ്ങളിലാണ് ഇപ്പോൾ പച്ച മുളച്ചതിൻ്റെ അടയാളങ്ങൾ ഉള്ളത്. മരുഭൂമിയിൽ ഈ പച്ചപ്പ് പിടിച്ചു നിൽക്കുമോ പടർന്ന് പന്തലിക്കുമോ എന്നൊക്കെ നാസയുടെ ഭൗമ നിരീക്ഷണം തുടരുകയാണ്. ഭാവിയിൽ ഇവിടം മനുഷ്യവാസയോഗ്യമായാൽ വരും കാലത്ത് സഹാറ മരുഭൂമിയിലേക്ക് മണൽ കയറ്റി അയക്കേണ്ടി വരുമോ എന്തോ....
Will we have to ship sand to the Sahara desert?